കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനക്സായി കളക്ടറേറ്റിൽ പ്രവര്‍ത്തിച്ചുപോന്ന റഫറൻസ് ലൈബ്രറി പ്രവർത്തിക്കുന്ന മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി അധീനതയിലാക്കി. ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർ മുറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു.
ഈ മുറി നേരത്തെ ജില്ലാ ഇഫര്‍മേഷന്‍ ഓഫീസറുടെ കത്ത് പ്രകാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി അനുവദിച്ചതായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ സ്ഥലപരിമിതി സാരമായി ബാധിക്കുന്നതായി ബോധ്യപ്പെട്ടതുപ്രകാരമായിരുന്നു മുറി അനുവദിക്കുന്നതെന്നും ഉത്തരവിൽ പ്രത്യേകം വിശദീകരിച്ചിരുന്നു. മുറി അനുവദിച്ചു കിട്ടിയതിനെ തുടർന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് 1,54,000 രൂപ ചെലവിട്ട് നവീകരിച്ചാണു റഫറന്‍സ് ലൈബ്രറി ആൻഡ് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസാക്കി മാറ്റിയത്.
മുറി ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു. മുറി വിട്ടു നൽകുന്നതിനു പകരമായി ഇവിടെയുള്ള ആയിരക്കണക്കിന് റഫറന്‍സ് പുസ്തകങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിക്കാന്‍ സ്ഥലം നൽകണമെന്നും അതുവരെ തുടരാൻ അനുവദിക്കണമെന്നും കാണിച്ച് പിആർഡി കളക്ടർക്കും കത്തും നൽകിയിരുന്നു. ഇതിനിടെയാണ് മറ്റൊരു വകുപ്പ് മുറി കൈയേറി പൂട്ടിട്ട് പൂട്ടിയത്.
ബ്രിട്ടീഷ് മലബാറിന്റെയും സ്വതന്ത്ര മലബാറിന്റെയുമുൾപ്പടെയുള്ള സുപ്രധാന ചരിത്രങ്ങളുള്ള അപൂർവ ഗന്ഥ ശേഖരങ്ങളടക്കമുള്ളതാണ് ഇവിടുത്തെ റഫറൻസ് ലൈബ്രറി. പിആർഡി കണ്ണൂർ ജില്ലയുടെ ആർക്കൈവ്സും ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംയോജിത വാര്‍ത്ത ശൃംഖലയായ (പ്രിസം) പദ്ധതിയില്‍ നിയമിതരായ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ ഓഫീസ്, പബ്ലിക് റിലേഷന്‍സിന്റെ ഭാഗമായ റിക്കാർഡിംഗ് വീഡിയോ സ്റ്റുഡിയോ എന്നിവയും ഇവിടെയാണ് പ്രവർത്തിച്ചു പോരുന്നത്.